കാരുണ്യ സ്പർശം കുടുംബ സുരക്ഷാ പദ്ധതി

വയനാട് ജില്ലാ ഗ്ലോബൽ KMCC യുടെ ഏകീകൃത മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ഗ്ലോബൽ KMCC അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മണ്ഡലം ഗ്ലോബൽ കെ.എം.സി.സി യുടെ കീഴിൽ നടപ്പിൽ വരുത്തുന്ന സ്വപ്ന പദ്ധതികളിൽ ഒന്നാണ് " കാരുണ്യ സ്പർശം കുടുംബ സുരക്ഷാ പദ്ധതി " എന്നത്.

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹുഭൂരിപക്ഷവും സാധാരണക്കാരായ പ്രവാസികളാണ്. അതിൽ തന്നെ പലരും നീണ്ട പ്രവാസ ജീവിതത്തിനിടയിൽ പല വിധത്തിലുള്ള രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരുമാണ്. മിക്ക പ്രവാസികളും അവരുടെ യൗവ്വനത്തിന്റെ നല്ലൊരു ശതമാനവും കുടുംബം പുലർത്തുന്നതിന് വേണ്ടി വിദേശ നാടുകളിൽ ചിലവഴിച്ച് അവസാനം വാർദ്ധക്യം പിടിപെട്ട് കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമില്ലാതെ കാലിയായ പോക്കറ്റും പലതരം രോഗങ്ങളുമായി നാട്ടിലേക്ക് മടങ്ങുന്ന ദയനീയമായ ഒരവസ്ഥയാണ് മിക്കപ്പോഴും നാം കണ്ടുവരുന്നത്‌. ഇത്തരത്തിലുള്ള സാധാരണക്കാരായ പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ദയനീയ അവസ്ഥ മുന്നിൽ കണ്ടുകൊണ്ടും കുടുംബത്തെ പോറ്റാൻ വേണ്ടി നെട്ടോട്ടം ഓടുന്നതിനിടയിൽ കൊഴിഞ്ഞു പോവുന്ന മെമ്പർമാരുടെ കുടുംബത്തിന് ഒരു കൈത്താങ്ങായി നിൽക്കുന്നതിന് വേണ്ടിയും 2017 ൽ രൂപീകൃതമായ പ്രഥമ മണ്ഡലം കമ്മിറ്റിയുടെ ഒരു ആശയമായിരുന്നു മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ദീർഘ വീക്ഷണത്തോട് കൂടിയുള്ള ഒരു ബ്രഹത്തായ പദ്ധതി നടപ്പിൽ വരുത്തുക എന്നത്.

ഉദ്ദേശ ലക്ഷ്യങ്ങൾ :
 • അവിചാരിതമായി കടന്നെത്തുന്ന മരണം കാരണം അനാഥമായി പോകുന്ന ഗ്ലോബൽ കെ.എം.സി.സി മെമ്പർമാരുടെ കുടുംബങ്ങൾക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ഒരു കൈത്താങ്ങ്.
 • നിയമാവലിയിൽ പറഞ്ഞത് പ്രകാരമുള്ള രോഗങ്ങൾക്കും അപകടങ്ങൾക്കും ചികിത്സാ സഹായം നൽകുക
 • പദ്ധതിയിൽ അംഗങ്ങളുടെ പൂർണ്ണ പങ്കാളിത്വം ഉണ്ടാകുകയും അതോടൊപ്പം പദ്ധതിയിലേക്ക് അംഗങ്ങൾ നൽകുന്ന വാർഷിക സംഭാവന മിച്ചമായി വരുകയും ചെയ്താൽ ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് തുടർന്നുള്ള വർഷങ്ങളിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് നൽകുക, തുടർച്ചയായി പദ്ധതിയിൽ അംഗത്വമുള്ള 60 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്ക് പെൻഷൻ പദ്ധതി നടപ്പിൽ വരുത്തുക , അംഗങ്ങളുടെ പെണ്മക്കൾക്ക് വിവാഹ സഹായം അനുവദിക്കുക , തുടങ്ങിയ ഒട്ടനവധി പദ്ധതികൾ ഭാവിയിൽ നടപ്പിൽ വരുത്തുവാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും മറ്റും വളരെ വിശദമായി അതാത് വർഷങ്ങളിലെ അപേക്ഷ ഫോമിൽ കൃത്യമായി രേഖപ്പെടുത്തുന്നതാണ്.
  സ്നേഹ സ്പർശം കുടുബ സുരക്ഷാ പദ്ധതിയിലൂടെ ഗ്ലോബൽ കെഎംസിസി യുടെ മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങാവുക എന്നതാണ് ഈ പദ്ധതി കൊണ്ട് മണ്ഡലം കമ്മിറ്റി ഉദ്ദേശിക്കുന്നത്.
നിയമാവലിയും അനുബന്ധ കാര്യങ്ങളും :
 • പദ്ധതിയുടെ നടത്തിപ്പ് :
  സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത്‌ / മുൻസിപ്പൽ ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റികളുടെ സഹകരണത്തോടെ ഗ്ലോബൽ കെഎംസിസി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.
  പ്രസിഡന്റ്‌ , ജനറൽ സെക്രട്ടറി , ട്രഷറർ , കൂടാതെ പദ്ധതിയുടെ കോഡിനേറ്റർമാരായി കമ്മിറ്റി ചുമതലപ്പെടുത്തിയ ഒരു വൈസ് പ്രസിഡന്റ്‌, ഒരു ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ 5 അംഗങ്ങളാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
  അതാത് വർഷങ്ങളിൽ കമ്മിറ്റി നിശ്ചയിക്കുന്ന വാർഷിക സംഭാവന അംഗങ്ങളിൽ നിന്ന് സ്വീകരിച്ചുകൊണ്ടാണ് പദ്ധതിയുടെ നടത്തിപ്പിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
 • അംഗത്വം :
  വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി യുടെ ഏകീകൃത മെമ്പർഷിപ് ലഭിച്ചിട്ടുള്ള സുൽത്താൻ ബത്തേരി നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസിയുടെ മെമ്പർമാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റിയുടെ നിയമാവലി വായിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയിൽ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
  മണ്ഡലം കമ്മിറ്റിയുടെ അതാത് വർഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോറത്തിലായിരിക്കണം അപേക്ഷ നൽകേണ്ടത്.
  മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വിവിധ പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികൾ മുഖേനയോ അല്ലെങ്കിൽ മണ്ഡലം കമ്മിറ്റി നിശ്ചയിക്കുന്ന വ്യക്തികൾ വഴിയോ അപേക്ഷയും അതോടൊപ്പം മണ്ഡലം കമ്മിറ്റി നിശ്ചയിച്ച ഒരു വർഷത്തേക്കുള്ള സംഭാവനയും നൽകി പദ്ധതിയിൽ അംഗത്വം നേടാവുന്നതാണ്.
  നിയമാവലിയിൽ നിഷ്കർശിക്കുന്ന ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗം പദ്ധതി അംഗങ്ങൾ പൂർണ്ണ സമ്മതത്തോടെ നൽകുന്ന മേൽ സൂചിപ്പിച്ച സംഭാവന മാത്രമായിരിക്കും.

  എല്ലാവർഷവും ഏപ്രിൽ 1 മുതൽ ജൂൺ 15 വരെ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള പ്രചാരണ കാലാവധിയായിരിക്കും.
  സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള കർഡുകളോ കൂപ്പണുകളോ കമ്മിറ്റി വിതരണം ചെയ്യുന്നതല്ല.
  അതേ സമയം അതാത് പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികൾ അംഗത്വ നടപടികൾ പൂർത്തീകരിച്ച്, മണ്ഡലം കമ്മിറ്റി അവരിൽ നിന്നും അംഗത്വ വിവരങ്ങളും തുല്യമായ പദ്ധതി വിഹിതവും കൈപ്പറ്റി കഴിഞ്ഞാൽ ഓരോ അംഗത്തിനും അവർ നൽകിയ ആധാർ നമ്പറും ഐ ഡി നമ്പറും ഉപയോഗിച്ച് മണ്ഡലം കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്ന് അംഗത്വം പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതും സ്വന്തം അംഗത്വ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. പ്രസ്തുത കാർഡ് അംഗത്വ രേഖയായി പരിഗണിക്കുന്നതാണ്.
  പദ്ധതി വിഹിതം അതാത് പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികൾ മണ്ഡലം കമ്മിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതോടെ മാത്രമേ അംഗത്വ അപേക്ഷകൾക്ക് മണ്ഡലം കമ്മിറ്റി അപ്രൂവൽ നൽകി ആക്റ്റീവ് ചെയ്യുകയുള്ളൂ. ആക്റ്റീവ് അല്ലാത്ത അംഗത്വങ്ങൾ യാതൊരു ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്നതല്ല.
  ജൂലൈ 1 മുതൽ സ്വന്തം അംഗത്വം മണ്ഡലം ഗ്ലോബൽ കെ.എം.സി.സിയുടെ വെബ്സൈറ്റിൽ നിന്ന് പരിശോധിച്ച് ആക്റ്റീവ് ആണോ അല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
 • അംഗത്വ പുനഃപരിശോധന :
  ഗ്ലോബൽ കെഎംസിസി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ www.gkmccsbyconstituency.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ച് അംഗത്വം സാധുവാണോ അല്ലയോ എന്ന് പദ്ധതിയിൽ ചേർന്നിട്ടുള്ള അംഗങ്ങളും അതോടൊപ്പം പ്രസ്തുത ലിസ്റ്റിൽ, അതാത് പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികളിലെ അപേക്ഷിച്ച മുഴുവൻ അംഗങ്ങളുടെയും പേര് വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് കീഴ്ഘടകങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
 • കാലാവധി :
  അംഗത്വ കാലാവധി ഒരു വർഷമാണ്. [ ജൂലൈ 1 മുതൽ ജൂൺ 30 വരെ ] എല്ലാവർഷവും കമ്മിറ്റി നിശ്ചയിക്കുന്ന വാർഷിക സംഭാവന നൽകി അംഗത്വം പുതുക്കാവുന്നതാണ്. അംഗത്വം സാധുവാകുന്ന കാലയളവിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾ മാത്രമേ ആനുകൂല്യങ്ങൾക്കായി പരിഗണിക്കുകയുള്ളൂ.
 • ആനുകൂല്യങ്ങൾക്കുള്ള അർഹത :
  1. മരണാനന്തര ആനുകൂല്യം : സാധുവായ കാലയളവിൽ പദ്ധതിയിൽ അംഗമായ ഒരാൾക്ക് സ്വദേശത്തോ വിദേശത്തോ വെച്ച് മരണം സംഭവിച്ചാൽ ( ആത്മഹത്യ ഒഴികെ ) നോമിനി ( അവകാശി ) ക്ക് 2 ലക്ഷം രൂപ കാരുണ്യ സ്പർശം കുടുംബ സുരക്ഷാ പദ്ധതിയിൽ നിന്ന് നൽകുന്നതാണ്.
  ഈ കാലയളവിൽ ചികിത്സാ സഹായം ലഭ്യമായയാൾ മരണപ്പെടുകയാണെങ്കിൽ പ്രസ്തുത തുക കുറച്ച് മരണാനന്തര ആനുകൂല്യം അതാത് പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികൾ മുഖേന അവകാശികൾക്ക് എത്തിച്ചു നൽകുന്നതാണ്. മരണപ്പെട്ട അംഗം അപേക്ഷാ ഫോറത്തിൽ അവകാശിയായി ആരെയാണോ നിർദ്ദേശിച്ചത് അവർക്ക് മാത്രമേ സഹായം കൈമാറുകയുള്ളൂ.
  എന്തെങ്കിലും കാരണവശാൽ അവകാശികളുടെ കാര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള തർക്കങ്ങളോ പരാതിയോ ഉണ്ടായാൽ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമവും ഏതെങ്കിലും നിലയ്ക്ക് ചോദ്യം ചെയ്യുവാൻ കഴിയാത്തതുമായിരിക്കും.
  ഏതെങ്കിലും ഘട്ടത്തിൽ അലംഘനീയമായ വിധി കാരണം മരണ സംഖ്യയിൽ വർദ്ധനവ് വരുകയും ആനുകൂല്യങ്ങൾ നൽകുന്നതിന് മണ്ഡലം കമ്മിറ്റിക്ക് സാമ്പത്തിക ബാധ്യത വരുകയും ചെയ്യുന്ന പക്ഷം പദ്ധതി മെമ്പർമാരിൽ നിന്നും വീണ്ടും സഹായം തേടുന്നതും, അത്തരം സന്ദർഭങ്ങളിൽ അംഗങ്ങൾ സഹകരിക്കേണ്ടതുമാണ്.

  2. ചികിത്സാ ആനുകൂല്യങ്ങൾ : അംഗത്വം സാധുവായ കാലയളവിൽ കാൻസർ, സ്ട്രോക്ക്, ഹൃദയ, വൃക്ക, സംബന്ധമായ മാരക രോഗങ്ങൾ, ജോലി ചെയ്ത് ജീവിക്കാൻ പറ്റാത്ത തരത്തിലുള്ള അപകടങ്ങൾ എന്നിവ ചികിത്സാ സഹായത്തിന് പരിഗണിക്കുന്നതാണ്.
  ഇത്തരം കേസുകളിൽ പരമാവധി ചികിത്സാ സഹായം 25000 രൂപയായിരിക്കും.
  ഒരേ രോഗത്തിന് എത്ര വർഷം അംഗമായിരുന്നാലും ശരി ഒരിക്കൽ മാത്രമേ ചികിത്സാ സഹായം അനുവദിക്കൂ.
 • സഹായത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ :
  ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷയോടൊപ്പം കമ്മിറ്റി ആവശ്യപ്പെടുന്ന മെഡിക്കൽ റിപ്പോർട്ടുകളും അനുബന്ധ രേഖകളും അതാത് പഞ്ചായത്ത്‌ / മുൻസിപ്പൽ കമ്മിറ്റികൾ മുഖേനെ സമർപ്പിക്കേണ്ടതാണ്.
 • അനുബന്ധ മാർഗ്ഗ നിർദ്ദേശങ്ങൾ :
  പദ്ധതിയുടെ ഈ നിയമാവലിക്ക് അനുബന്ധമായി അംഗങ്ങളെ ചേർക്കുന്ന കീഴ്ഘടകങ്ങൾ പാലിച്ചിരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അതാത് സമയങ്ങളിൽ മണ്ഡലം കമ്മിറ്റി സർക്കുലറായി എത്തിച്ചു നൽകുന്നതാണ്.
 • അന്തിമ തീർപ്പ് കൽപ്പിക്കൽ :
  ആനുകൂല്യങ്ങൾ അനുവദിക്കുവാനുള്ള അധികാരവും അന്തിമ തീർപ്പ് കൽപ്പിക്കുവാനുള്ള അധികാരവും മണ്ഡലം കമ്മിറ്റിക്കാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളിൽ ആവശ്യമായ മാറ്റതിരുത്തലുകൾ വരുത്തുവാനും സുപ്രധാനമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുവാനുമുള്ള അവകാശവും GLOBAL KMCC സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയിൽ നിക്ഷിപ്തമാണ്.

GLOBAL KMCC SULTHAN BATHERY CONSTITUENCY COMMITTEE